സുവർണ ക്ഷേത്രത്തിന്റെ അകത്തളങ്ങൾ വർണങ്ങളാൽ അലംകൃതമായിരുന്നു.
സുഷുപ്തിയിൽ നിന്നുണർത്താതെ, റാണിയെയും രാജ്യത്തെയും വെടിഞ്ഞ..
സിദ്ധാർത്ഥൻ എന്ന ബുദ്ധൻ
സ്വർണ പ്രതിമയായ് ധ്യാനത്തിലിരുന്നു...
ബോധി വൃക്ഷചുവട്ടിലല്ല,
രത്നഖചിതമായ ശ്രീ കോവിലിൽ,
ക്ഷേത്ര ബിംബമായി...
കാഴ്ചകളിൽ സ്വയം നഷ്ടപ്പെട്ട സഞ്ചാരിയായ ഞാനും
ധ്യാനിക്കാൻ ശ്രമിച്ചു...
നിറക്കാഴ്ചകൾക്ക് മുന്നിൽ മിഴിയടച്ചു
തണുതണുത്ത നിലത്തിത്തിരി നേരം.
ഒരു നിമിഷം!! ചെവിയിൽ ആരോ മന്ത്രിച്ചുവോ..?
"യശോധരയുടെ അന്തപുര
സമൃദ്ധിയിൽ നിന്നും,
പലായനം ചെയ്തിട്ടും...
ഒടുവിലീ സ്വർണ്ണകൂട്ടിൽ
അടക്കപ്പെട്ടുവല്ലേ?!"
ഇമ ചിമ്മി തുറന്നപ്പോൾ
ഒരു കിനാവ്പോലെ അവൾ
മാഞ്ഞു കഴിഞ്ഞിരുന്നു.....
ത്യജിക്കപ്പെട്ടവൾ !!
കിടപ്പറയുടെ ഇരുട്ടിലേക്ക്.....
പാതിരാവിന്റെ വന്യതയിലേക്ക്.....
ഒരു ജന്മത്തിന്റെ, ഏകാന്തതയിലേക്ക്..... കാരണം അറിയാതെ, ത്യജിക്കപ്പെട്ടവൾ....!!
ത്യജിച്ചയാൾ ബുദ്ധനായി... അവളോ?? പതിവുപോലെ പാതിവഴിയിൽ മാഞ്ഞു.... അപൂർണ്ണമായ കഥയിൽ,
ഒരു ചോദ്യവും ബാക്കിവയ്ക്കാതെ.... !!
ചിന്തകളുടെ തീച്ചൂടേറ്റ്...
മാർബിൾ തണുപ്പും പൊള്ളലായി.....
തിരിഞ്ഞുനോക്കാതെ ഇറങ്ങുമ്പോൾ,
ആദ്യം കണ്ട ഭിക്ഷുവിനോടാരാഞ്ഞു
"എവിടെയാണ് ഭിക്ഷുണികൾ? "
"ഇവിടെയോ? !!!വിഹാരത്തിൽ ഭിക്ഷുണികൾ നിഷിദ്ധരാണ്
നിഷ്ഠകളാൽ ബന്ധിതരാണു ഞങ്ങൾ
ലംഘിക്കപ്പെട്ടാൽ ഈ ജന്മത്തിനു
വിരാമമാവും..... പിന്നെയാ ജന്മം, അടിമയുടേതാണ്....
മരണംവരെ, വിഹാരത്തിലെ അടിമ!!"
അടിമത്തത്തെ ഭയന്നാവാം,
എനിക്കു മിഴി തരാതെ,
സന്യാസി അകന്നുപോയി...
എനിക്ക് ഇനിയും ചോദ്യം ബാക്കിയായിരുന്നു....
പിന്നിൽ ഒരു ചിരി ഉയർന്നു
"ചോദിക്കരുത്.. ഉത്തരം,ലോകത്തിന് അറിയില്ല !! അല്ലെങ്കിലും,
സ്ത്രീയുടെ ചോദ്യത്തിനുത്തരം തരാൻ... ലോകത്തിനെന്നും വിമുഖതയല്ലേ? "
കാലത്തിന്റെ നന്ദികേടോർത്ത്...
കുനിഞ്ഞ ശിരസ്സുമായി ഞാൻ.... സുവർണക്ഷേത്രത്തിന്റെ പടികളിറങ്ങി. എനിക്കു പിന്നിൽ സ്വർണ്ണ താഴികക്കുടം ഉച്ചവെയിലിൽ ജ്വലിച്ചു കൊണ്ടേയിരുന്നു.... എഴുതപ്പെട്ട ഒന്നും തിരുത്താൻ ആവില്ലെന്ന ഓർമ്മപ്പെടുത്തൽ പോലെ....!!
No comments:
Post a Comment