Friday, 21 September 2018

ഇനി

ഇനി നിനക്കായ്‌ എന്തു നൽകേണ്ടൂ  ഞാൻ.. ?
എന്റെ കരളു നീ പണ്ടേ പകുത്തെടുത്തു.
തുള വീണ ഹൃത്തിന്റെ പാതിയും
നീ തന്നെ,
അനുവാദമില്ലാതരിഞ്ഞെടുത്തു.
കാട്ടു കടന്നലിൻ മൂളലായ് വന്നെൻറെ,
ചിന്തയിൽ ഭ്രാന്തിന്റെ താളമിട്ടു..
ഉടയും ചിലമ്പിൻറെ താളമായ് നീയെൻറെ,
സിരകളെ നീറ്റുന്നൊരഗ്നിയായി..
നിണമൂർന്നു വീഴുമീ പാതി വേർപെട്ടൊരെൻ,
കരളുമായ് നീയേത് കാടു പൂകി?
ഉരുകുന്ന നോവിലെൻ ഉയിരറ്റു പോകവേ ..
എവിടുന്നു വന്നുവെൻ
പ്രണയമേ നീ ?
ഇനിയെന്നെ നീയൊന്നെടുത്തു കൊൾക...
ഇടനെഞ്ചു ചേർത്തൊന്നണച്ചീടുക..
ഒരു മാത്ര മുന്പെങ്കിലൊരു
 മാത്രയെങ്കിലും ,
ഒടുവിലാ പ്രാണനിൽ അലിയട്ടെ ഞാൻ
എൻറെ അമൃതമാം നിന്നിൽ ലയിക്കട്ടെഞാൻ...