Tuesday, 2 December 2014

എന്‍റെ വീട് ...




വയല്‍ക്കരയില്‍ കശുമാവുകൾ അതിരിടുന്ന
എന്റെ വീട്..
പിന്നിലെ മുളംകാട്ടിലെ ചിത്രകൂടങ്ങളിൽ 
സർപ്പങ്ങൾ കാവലുള്ള
എന്റെ വീട്..
ആകാശം തൊട്ട ചില്ലകളിൽ
അംബിളിമാമനെ താരാട്ടുന്ന വാകമരമുള്ള
എന്റെ വീട്
വൃശ്ചികത്തണുപ്പിനൊപ്പം പൂത്ത പാലയുടെ
ഗന്ധത്തിൽ ഉറങ്ങുന്ന
എന്റെ വീട്..
നന്ത്യാർവട്ടപ്പൂവും ഗന്ധരാജനും തുളസിയും
വിരിയുന്ന,അമ്പലമണമുള്ള
എന്റെ വീട്..
അവിടെയാണ് ഞാൻ പിറന്നതും പിച്ച വച്ചതും ..
വളര്ന്നതും വധുവായതും
ഒടുവിലൊരു മഴക്കാലരാത്രിയിലൊരുണ്ണിക്ക് ..
ജന്മമേകി ഒരമ്മയായ് തീര്ന്നതും..
എന്നിട്ടും ...
ഇന്നത് എന്റെയല്ല..
വിറ്റു പോയെന്ന് എല്ലാവരും പറയുന്നു.. അറിയുന്നു..
പക്ഷെ ..എനിക്കതാണിപ്പോഴും
എന്റെ വീട്..

Monday, 1 December 2014

സീതായനം


അമ്മേ വസുന്ധരേ ഇനിയൊരിക്കല്‍ കൂടി
ഇവളെ നിന്നുദരത്തില്‍ സ്വീകരിക്കൂ.
ആളുന്നോരഗ്നിയില്‍ നീരാടി വന്നുഞാന്‍
തെളിയിച്ചു വീണ്ടുമിന്നഗ്നിശുദ്ധി !!

ഇനിയെനിക്കെന്തിനീ രാജപത്നീപദം ?
ഇനിയെനിക്കെന്തിനീ മാതൃ ഭാവം?
അമ്മേ വസുന്ധരേ ,ഞാന്‍ നിന്‍റെ പുത്രിയാണെത്ര
സഹിച്ചു ഞാനിത്ര നാളും?

രാജ ധര്‍മത്തിന് പൂര്‍ണത നല്‍കുവാന്‍ ,
കാടു കയറ്റിയെന്‍ ഭര്‍തൃ നീതി.
രാമപുത്രന്മാര്‍ക്കുയിര്‍ പകുത്തേകുവാന്‍
മാത്രമാ നിന്ദയെ ഞാന്‍ ചുമന്നു.

കാലം മുറിവേറ്റു പാഞ്ഞെത്തി നിന്നിതാ
വീണ്ടുമയോധ്യയില്‍ മൂകമായി.

രാമനും രാജ്യവും മാറോടണച്ചെന്റെ
മക്കളെ,ഭ്രഷ്ടില്ലവര്‍ക്കു മാത്രം!
പെറ്റുവളര്‍ത്തിയ സീതയ്ക്ക് മാത്രം
വിധിക്കുന്നു വീണ്ടുമോരഗ്നി ശുദ്ധി!!!

അമ്മേ ,പ്രവേശിച്ചു ഞാനഗ്നിയില്‍
ചുട്ടുപൊള്ളുന്ന നെഞ്ചില്‍ നെരിപ്പോടുമായ്
കത്തി ജ്വലിക്കും ബടവാഗ്നിയാമെന്റെ
ദുഖാഗ്നിയെക്കാളോരഗ്നിയുണ്ടോ?

ആര്‍ത്തു വിളിക്കുന്നു കോസലം,”ജാനകി
ദേവി പതിവൃത തന്നെ രാമാ...
ഞങ്ങള്‍ക്കു വേണ്ടി ത്യജിച്ചതല്ലേ?പ്രഭോ
ഞങ്ങള്‍യാചിക്കുന്നു ,സ്വീകരിക്കൂ.”

രാമന്റെ കൈത്തലം നീണ്ടു..പ്രജകളെ
പ്രീതിപ്പെടുത്തലേ രാജധര്‍മം..
കാനനം കാണുവാനെന്നു വ്യാജം ചൊന്നു
കാട്ടിലയച്ചതും രാജധര്‍മം.

പൂര്‍ണ ഗര്ഭാലസ്യമാര്‍ന്ന തന്‍ പത്നിയെ
കയ്യോഴിയുന്നതോ ഭര്‍തൃ ധര്‍മം?
അമ്മേ വസുന്ധരേ വേഗം പിളര്‍ന്നു നീ
വന്നെന്നെയെന്നെക്കുമേറ്റ് വാങ്ങൂ...
തൊട്ടാലശുദ്ധയായ്‌ പോകും ,ഈ ശ്രീരാമ
ഹസ്തമെനിക്കിനി വേണ്ട മേലില്‍.

സ്ത്രീയ്യായ് പിറന്നു നുകം പേറുമായിരം
ജന്മങ്ങള്‍ നാളെയും നിന്നിലുണ്ടാം..
പുച്ഛിക്കുമന്നവര്‍ സീതയെ രാമന്റെ
കൈ തൊട്ടു വീണ്ടും ആശുദ്ധയായാല്‍

അമ്മേ വസുന്ധരേ ,നന്ദി നിന്‍ വേവുന്ന,
നെഞ്ജിലെന്നെ ചേര്‍ത്തണച്ചുവല്ലോ ..?
നന്ദി,സാകേതമേ മറ്റാര്ക്കുമാവാത്ത
പുണ്യത്തിനിന്നു നീ ഹേതുവായി.
അമ്മതന്‍ ഗര്‍ഭ ഗൃഹത്തിലേക്കുള്ലോരെന്‍
യാത്രക്കു നീ തന്നെ വേദിയായി.

രാമായണമെന്നു പേര്‍ കുറിച്ചന്ത്യത്തില്‍
സീതായനമായ് പരിണമിച്ച
കാവ്യം രചിച്ച മഹാമുനേ സീതയ്ക്കു
മംഗളം നേരു വിട കൊള്‍വു ഞാന്‍ .


Wednesday, 26 November 2014

പൂച്ച



എന്റെ മുന്നിലെ കല്‍ വിളക്കിലെ എണ്ണ കുടിച്ചു തീര്‍ത്ത് 
തിരിത്തുമ്പിലിരുട്ടു തുപ്പി വച്ച് 
തീക്കണ്ണ് തുറിപ്പിച്ച്‌ 
പാഞ്ഞു പോയതാരാണ് ?
അതിന്റെ കൂര്ത്ത നഖങ്ങളാഴ്ന്നു 
എന്റെ പാദങ്ങള്‍
കൊഴുത്ത ചോരയും
ഇറച്ചിതുണ്ടുകളും ചര്‍ദ്ദിച്ചു 
ആ ദുഗര്‍ന്ധത്തില്‍ എന്റെ സിരകൾ മരവിച്ചു. 

ഇഴഞ്ഞും പിടഞ്ഞും അതില്‍ നിന്നൂര്ന്നു രക്ഷപെട്ട ഞാൻ 
തിരിത്തുമ്പിലെ നാളമായ് 
മോര്‍ച്ചറിയില്‍തെളിഞ്ഞു 
കരണ്ട് വറ്റിയിരുണ്ടുപോയ ബള്‍ബിനുതാഴെ 
അപമാനിക്കപ്പെട്ട എന്റെ പാവം ജഡം ..
മൂര്‍ച്ചയേറുന്ന പല്ലും 
നഖങ്ങളും , അഗ്നി ചിതറൂന്ന കണ്ണുകളുമായ് 
എന്റെ പ്രേതമുണരുന്നത് കാണാൻ 
ഞാൻ കാത്തു .
കേടായ ശീതപ്പെട്ടിയിൽ പുഴുവരിച്ചപ്പോൾ 
ഞാനറിഞ്ഞു പ്രേതവും വെറും പഴങ്കഥ..
ഇപ്പോൾ ഞാൻ പായുകയാണ് 
കണ്ണും കാതുമില്ലാതെ കാഴ്ചയും കേൾവിയും 
അറിയുന്ന എന്റെ ജീവനാളമണയ്ക്കാൻ 
പഴയ പൂച്ചയെ തേടി ...

Tuesday, 25 November 2014

ഭയം




ഇപ്പോഴെനിക്ക്‌ പത്രത്താളുകളെ ഭയമാണ്
അതില്‍ നിറയെ പലസ്തീനിലെ
കുഞ്ഞുങ്ങളുടെ ചോരയാണ്.
പനിനീര്‍പ്പൂവ് പോലെ തുടുത്ത
പാവം പൈതങ്ങള്‍.
യുദ്ധമെന്ന പദം പഠിക്കാന്‍
പ്രായമാകാത്തവര്‍..
മതമെന്തെന്നറിയാന്‍
കാലമാകാത്തവര്‍...
അവര്‍ വിടര്‍ന്നതേയുണ്ടായിരുന്നുള്ളൂ.
എന്നിട്ടും തല്ലിക്കൊഴിച്ചു.
സമാധാനത്തിന്‍റെകാവലാളന്മാര്‍
എന്തേ അവരെ തുണച്ചില്ല?
എവിടെയാണാ പുരോഹിത വര്‍ഗങ്ങള്‍
കണ്ണും കാതും പൂട്ടി മറഞ്ഞത്?
പല പേരില്‍ പലകോടി ദൈവങ്ങള്‍
പ്രപഞ്ചം നിറയെ നിന്നിട്ടും
എന്തേ അവരേ തുണച്ചില്ല?
ഹോ !ഞാന്‍ മറന്നു ,
ദൈവങ്ങള്‍ പിറക്കണമെങ്കില്‍
പൈതങ്ങളുടെ ബലി വേണമല്ലോ?
അതാവാം ലോകം മൌനത്തിലാവുന്നത്.
ഒടുവിലെന്നെങ്കിലും ആ പിഞ്ചിളം ചോരയില്‍
നിന്നൊരു മഹാ ദൈവമുണരാന്‍
കാത്തിരിക്കയാവാം ..
പക്ഷെ ...എനിക്ക് ഭയമാണ്
പനിനീര്‍പ്പൂവ് പോലെ തുടുത്ത
പാവം പൈതങ്ങളുടെ ചോര കാണാന്‍
പ്രഭാതങ്ങളിലേക്ക് മിഴി തുറക്കാന്‍

ഡിസംബര്‍

        

ഡിസംബര്‍,നിന്നോടെനിക്ക് പ്രണയമാണ്...
എന്‍റെ ഉടലിനെ കോരിത്തരിപ്പിക്കുന്ന
നിന്‍റെ തണുത്ത വിരലുകളുടെ മാന്ത്രികത..
നിന്‍റെ മഞ്ഞു പുതപ്പിലൂടെ അരിച്ചിറങ്ങുന്ന
നിലാവിന്‍റെ വശ്യത..
ഡിസംബര്‍ പ്രണയിക്കാതിരിക്കുവതെങ്ങനെ?
നിന്‍റെ വെയിലിനു പോലും കുളിരാണ്.
പാല പൂത്ത ഗന്ധവും പേറിയെത്തുന്ന
നിന്‍റെ കാറ്റു പോലും പ്രണയാര്‍ദ്രമല്ലേ?
ഡിസംബര്‍ നിന്‍റെ സന്ധ്യാകാശത്തെ
ഒറ്റ നക്ഷത്രത്തിനും പ്രണയത്തിന്‍റെ
വജ്രതിളക്കമാണ്..
അഷ്ടപദിയുടെ ശൃംഗാരശീലില്‍ കുഴഞ്ഞ്
ആട്ടക്കഥയുടെ മേളപ്പദങ്ങളില്‍ അലിഞ്ഞ്
ആലസ്യം പൂണ്ടുറങ്ങുന്ന നിന്‍റെ രാവുകള്‍.
ഡിസംബര്‍ നിന്നോടെനിക്ക് പ്രണയമാണ്..
അസ്ഥിയില്‍ വരെ പൂത്തു നില്‍ക്കുന്ന
അടങ്ങാത്ത പ്രണയം


Sunday, 23 November 2014

ചെറിയമ്മ


ചെറിയമ്മ മരിച്ചു ..
ആരോടുമൊന്നും പറയാതെ
ആരെയും നോവിക്കാതെ
ഒരുറക്കത്തില്‍ താണ് താണ്
മരണത്തിലേക്ക് പോയി .
ആരും കരഞ്ഞില്ല
പെറ്റ് പോറ്റിയ ഒരു പിടി മക്കളും
അതിലൊരുപാടു കൊച്ചുമക്കളും
ചുറ്റും നിരന്നെങ്കിലും
ആര്‍ക്കും കണ്ണു നനഞ്ഞില്ല .
ആരുമല്ലാത്ത കൊണ്ടാവും
എന്‍റെ കണ്ണു നനഞ്ഞത്.
ചെറിയമ്മയെന്നു വെറുതേ
വിളിച്ചു പോയിട്ടാവാം
എന്‍റെ നെഞ്ചു പിടഞ്ഞത് .
പണ്ടൊരു വെള്ളപ്പൊക്കത്തില്‍
ഒലിച്ചുപോയ സ്വപ്നങ്ങളെ
കുറിച്ച് എന്നോടാണവര്‍
പറഞ്ഞത്..
പാതിയും മുങ്ങിയ കുടിലിലെ
പത്തായപ്പുറത്ത് നനഞ്ഞു വിറച്ചിരുന്ന
ആദ്യ രാവിനെ കുറിച്ചവര്‍
പറഞ്ഞതും എന്നോടാണ്.
താലിക്കയറാല്‍ കെട്ടിയിട്ട്
കടിച്ചു കുടഞ്ഞ ചെന്നായെപ്പറ്റി.
പിന്നതിന്‍റെ ചോരയാണെങ്കിലും
അമ്മയെന്നാദ്യം വിളിച്ച,
ഒടുവിലേതോ നിധിക്കായ് ആരോ
ബലിയാക്കിയ കടിഞ്ഞൂല്‍
കിടാവിനെ പറ്റി.
ഒടുവിലവര്‍ ചിരിച്ചു ..
“കരയാന്‍ മറന്നു പോയ്‌ കുഞ്ഞേ
കാണ്‌വാനാരുമില്ലെങ്കില്‍  
പിന്നെന്തിനീ കണ്ണുനീര്‍
പൊട്ടിയെന്നെല്ലാരും വിളിച്ചു
പെറ്റില്ലേ പിന്നെയും വേറെ?
ചത്തുപോയതിനായ്
പിന്നെന്തിനു കണ്ണു നീര്‍?
പൊട്ടിയായതാണ്;വായും
ചെവിയും മൂടി.
പെണ്ണിനക്കാലം വിധിച്ചത്
വെറും മൌനമല്ലാതെന്തോ?”
ആ മൌനം പിളര്‍ക്കാന്‍ ആളല്ല ഞാന്‍
പക്ഷെ ,ഞാനറിയുന്നു
പിന്നുള്ളതെല്ലാം ഒരേ കഥ.
പാതിയിലെവിടെയോ ചെന്നായ്
പിരിഞ്ഞുപോയ്‌.
കാലം ബാക്കി വച്ച
മക്കളോ പൊട്ടിയെ
കണ്ടെന്നു നടിച്ചില്ല.
ആരെയും നോവിക്കാ
തോരരവയറിന്‍
കടം പോക്കി
ജീവന്‍ പോകും വരെ
പാവം ചെറിയമ്മ.
ഒടുവില്‍ ഒരു
മാവിന്‍ കൊമ്പ് പോലും
മുറിക്കാനിട നല്‍കാതെ
ചിരട്ടയിലും ചകിരിയിലുമെരിഞ്ഞ്
ചെറിയമ്മയില്ലാതെയായ് ..
ചിതയണഞ്ഞില്ല ,എങ്കിലും
പിരിഞ്ഞു പോയെല്ലാവരും .
ഒടുവിലാ മുളവാതില്‍
ചാരി പടിയിറങ്ങവേ
ഓര്‍ത്തുപോയ്.
പാവം തനിച്ചല്ലേ?
സാരമില്ല.
കല്യാണപ്പുടവമാറാതെ
പത്തായപ്പുറത്തൊറ്റക്കിരുന്നു
പൊങ്ങിവരുന്ന
മലവെള്ളം കണ്ടു കരഞ്ഞ
പതിനാലുകാരിയല്ലല്ലോ?
വെറും പൊട്ടി !
തനിച്ചിരുന്നോട്ടെ.      
  




കഴുതപ്പുലി ..






നീ ഭിക്ഷാടകയായിരുന്നു ..
നിനക്ക് തരാന്‍ എനിക്കൊന്നും
ബാക്കിയില്ലെന്നറിഞ്ഞിട്ടും
നീ യാചിച്ചു..
ഞാന്‍ ചവച്ചു തുപ്പിയ എല്ലിന്‍
തുണ്ടുകള്‍ക്കായ് .
പുഴുക്കുത്തു വീണു ദുര്‍ഗന്ധം വമിക്കുന്ന
അവയെ ഞാനെന്നേ വെറുത്തതാണ്‌ .
എങ്കിലും നിനക്കതു തരുവാന്‍ ഞാനറച്ചു ..
എന്നിട്ടും നീയതു കവര്ന്നെടുത്തു.
പുഴുത്തു ചീഞ്ഞ അതെന്നില്‍ നിന്നകന്നതില്‍
ഞാന്‍ ആഹ്ലാദിച്ചു .
പിന്നെ നിന്നെ കാണുമ്പോഴെല്ലാം
ഞാന്‍ കഴുതപ്പുലിയെ ഓര്‍ത്തു..
നന്ദിയുണ്ട് ..എന്നില്‍ നിന്നാ
ശവ ഗന്ധമകറ്റിയതില്‍ ...