Thursday, 22 January 2015

പുതുവര്‍ഷം



വീണ്ടുമൊരു പുതുവര്ഷം..
എന്താണതില്‍ പുതുമയെന്നറിയില്ല ..
സൂര്യനിന്നും കിഴക്കുദിച്ചു .
പത്രത്തിലിന്നും
പീഡിപ്പിച്ചു എന്ന തലക്കെട്ടും
അതിനു താഴെ
മൂന്നു വയസുള്ള പിഞ്ചു പൈതലിന്റെ
പേരില്ലാ,മുഖമില്ലാ വാര്തയുമുണ്ട് ..
പിന്നെ..ആരൊക്കെയോ വകുപ്പ് മാറി
പുതിയ കസേരനേടിയ ചിത്രവും.
( പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ )
ബസിലിന്നും അന്യന്റെ നഖമുന കൊണ്ട്
ഉടല്‍ മുറിഞ്ഞ സ്കൂള്‍ കുട്ടിയുടെ കണ്ണീരു കണ്ടു
ഞാനും ഉറക്കം നടിച്ചു .
എന്റെ സെല്‍ ഫോണപ്പോഴും മൊഴിഞ്ഞു...
പുതുവര്‍ഷാശംസകള്‍

മഴ


അന്നെനിക്ക് മഴയോട് സ്നേഹമായിരുന്നു.
പാടത്ത് കൂടി ചാറി വരുന്ന മഴയ്ക്ക് മുന്‍പേ
 ഞാന്‍ മത്സരിചോടിയിട്ടുണ്ട് .
വെളുത്ത മണ്ണിനു മീതെ പുഴ പോലൊഴുകുന്ന
മഴ വെള്ളത്തില്‍ മഴത്തുള്ളികള്‍ 
കുമിളകള്‍ തീര്‍ക്കുന്നത് കാണാന്‍ 
ജാലകങ്ങള്‍ തുറന്നിട്ടു ഞാനിരിക്കും .
പിശറന്‍കാറ്റ് ,മുറിയിലേക്ക് വാരിയെറിയുന്ന
മഴച്ചരല്‍ കല്ലുകലേറ്റ്എന്‍റെ ഉടല്‍ തരിക്കും
.കറുത്ത മേഘക്കൂട്ടങ്ങളെ വലിച്ചിഴച്ച്
 കലിപൂണ്ട കാറ്റില്‍ മരങ്ങളുലയും 
മുടിയഴിച്ചാടുന്ന പെണ്ണിനെ പോലെ ..
മുറ്റം നിറയെ ചിതറിവീണ നാട്ടു മാമ്പഴങ്ങളില്‍
ഒരുപാട് മധുരം ബാക്കി വച്ച് മഴ മറഞ്ഞു പോകും
 തണുത്ത കാറ്റിന്റെ കൈ പിടിച്ച്
 അകലേക്ക് ...അകലേക്ക്..
ഇങ്ങിനി വരാതെ മറഞ്ഞ ആ പഴയ മഴയോട്
 എനിക്കിന്നും സ്നേഹമാണ്...
പ്രണയമല്ല ,വെറുതേ... വെറുതേ... സ്നേഹം.

ഫിനിക്സ് ..

എനിക്ക് പറക്കണം എന്നുണ്ടായിരുന്നു..
എന്നാല്‍ എന്റെ ചിറകുകള്‍ ആരോ മുറിച്ചു കളഞ്ഞിരുന്നു...
ആകാശം എന്റെ സ്വപ്നമായിരുന്നു..
എന്നിട്ടും മണ്ണിലിരുന്നു ഞാന്‍ ആകാശത്തെ ഓര്‍ത്തു കരഞ്ഞു.
നക്ഷത്രങ്ങള്‍ എന്നെ മോഹിപ്പിച്ചു..
പക്ഷെ.. .എനിക്ക് ചുറ്റും അമാവാസി കനത്തു കിടന്നു.
അസ്തമിക്കാത്ത പകലിനു വേണ്ടി ഞാന്‍ ദാഹിച്ചു.
പക്ഷെ ഉദയമില്ലാത്ത രാവുകള്‍ എന്നെ വീര്‍പ്പു മുട്ടിച്ചു
ഒടുവില്‍ ..
ഞാന്‍ മണ്ണില്‍ ആകാശത്തെ കൊണ്ടുവന്നു
പ്രതീക്ഷയുടെ പൂര്ണ ചന്ദ്രനെ കൊരുത്തിട്ടു.
എന്നിട്ടോ..
ഒരായിരം ചെരാതുകള്‍ കൊണ്ട് രാവിനു വെളിച്ചമേകി..
പറന്നില്ല ഞാന്‍ ...
എങ്കിലും എന്റെ കാലുകള്‍ കുതിക്കുകയാണ്

വിഷകന്യക


ഹേ പ്രപഞ്ച സൃഷ്ടാക്കളെ,

എനിക്കിന്നൊരു വരം വേണം. ..

കാവി പുതക്കാതെ ,കുരിശു ചുമക്കാതെ
 
നിസ്ക്കാരപ്പായ് വിരിക്കാതെ 

,
എനിക്കൊരു വരം വേണം

....
ഞാനൊരാളല്ല,


ഒരായിരം കോടി ആര്‍ത്തനാദങ്ങളുടെ


പ്രതിധ്വനി മാത്രം..



എനിക്കൊരു വരം വേണം
...
ചോരച്ച കണ്ണിലെരിയുന്ന


കാമാഗ്നിയുമായ്‌,


പെണ്ണുടല്‍ തേടി അലയുന്ന


ഇരുകാലികളെ നേരിടാന്‍

 .
പാല്‍മണം മാറാത്ത ചുണ്ടിലും


ഭ്രാന്തന്‍ ദംഷ്ട്രകളിറക്കി

,
ചോരയൂറ്റി മദം കൊണ്ട


പിശാചിനെ നേരിടാന്‍

 .
പെണ്ണിന്‍റെ ചോരയും കണ്ണീരും,


മാംസവും ഇഴുകിപ്പിടിച്ച


നഖങ്ങള്‍ നക്കിത്തോര്‍ത്തി,


ഇര കാത്തിരിക്കുന്ന


ചെന്നായ്ക്കളെ നേരിടാന്‍ 

.
അച്ഛനെന്ന വാക്കിനറപ്പിക്കുന്ന

അര്‍ഥം ചമച്ച കിരാതരെ നേരിടാന്‍.


ഹേ പ്രപഞ്ച സൃഷ്ടാക്കളെ,


എനിക്കിന്നൊരു വരം വേണം

..
കാമത്തിനു ബലിയായ


പിഞ്ചുടലാണെന്നര്‍ച്ചന.


കഴുത്തില്‍ കയര്‍ മുറുകികണ്ണുതുറിച്ച,


വിഷത്താലുള്ളു വെന്ത്‌,


തീയില്‍ പാതി ചുട്ട -


പെണ്ണുടലുകള്‍..

.
ഇനിയുമുണ്ട്...


പിച്ചിച്ചീന്തി,


ചവിട്ടിക്കുഴച്ച് മുറിച്ചു പങ്കിട്ട 

,
പെണ്ണുടലുകള്‍.


ആവോളം കാണുക


ഒടുവില്‍ എനിക്കാ വരം തരൂ .


കാമം ചുരന്ന ,വെറിപൂണ്ട നോട്ടമോ


സ്പര്‍ശമോ വാക്കോ ,ചിന്തകള്‍ തന്നെയോ


സ്ത്രീയുടെ മെയ്യില്‍ പടര്‍ന്നു വിഷമായ്


ഒടുവില്‍ അവളൊരു വിഷകന്യയായ്


സ്വയം രക്ഷ നേടട്ടേ...


ശ്വാസവും ഗന്ധവും സ്പര്‍ശവും ദേഹവും


ഘോര വിഷമയമായ


സ്പര്ശാതീത കന്യക .


ഹേ പ്രപഞ്ച സൃഷ്ടാക്കളെ


ഞാനര്‍ത്ഥിക്കുകയാണ്


എനിക്കീ വരം തരൂ .


ഇനി മേലിലെങ്കിലും


ഞെട്ടിയുണരാതുറങ്ങട്ടെ


പെണ്ണും പെണ്ണിനെ പെറ്റൊരമ്മയും


പെണ്ണിന് കാവലായ്


കണ്ണു പൂട്ടാത്തോരച്ചനുമേട്ടനും...