Sunday, 20 September 2020

ഇനിയെന്തിനെപ്പറ്റി

ഇനിയെന്തിനെപ്പറ്റിയെഴുതുവാന്‍
തൂലിക മഷി ചോര്‍ന്നു നിശ്ചല 
ചിത്രം പോല്‍ വിമൂകമായ് ..
പൂവിട്ട കണിക്കൊന്ന
പോലെന്നും മോഹിപ്പിച്ചു 
കൂടെയുണ്ടുറങ്ങിയ 
കവിതക്കും വാര്ധക്യമായ് ..
ഇനിയേതോ വാല്‍ക്കിണ്ടിയില്‍ 
നിന്നു വീണെന്നാത്മാവില്‍
ഒടുവിലെയമൃതമായ്  അലിയും 
ജലം പോലെ.. 
ഒരു വട്ടം കൂടിയൊഴുകൂ ,
പിടയുമെന്‍ ഹൃദയ രക്തം ചോര്‍ത്തി 
നിറക്കട്ടെ എന്‍ തൂലിക...
ഇനിയെന്തിനെപ്പറ്റിഎഴുതുവാന്‍ 
എന്നാകട്ടെഒടുവിലെന്‍ തൂലിക 
എഴുതുമാ ഹംസഗാനം
നിദ്ര വിട്ടുണര്‍ന്നു പോയാലും മുറിയരുതെയോന്നോര്‍ത്തു
ഇമകള്‍ അമര്‍ത്തി ഒളിപ്പിക്കുന്നകിനാവ്‌ പോലെയാണ് അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍..
ചാറ്റല്‍ മഴയുടെ ഇരമ്പത്തിലേക്ക് ലയിച്ചുചേര്‍ന്ന 
അച്ഛന്റെ സൈക്കിളിന്‍റെ  ശബ്ദം...
മഴ കുതിര്‍ത്ത കടലാസിനുള്ളിലെ 
ഇലക്കീറിലെ പലഹാരങ്ങളുടെ 
എണ്ണകിനിയുന്ന മധുരം...
മതിയാവോളം വിളമ്പിയൂട്ടുന്ന 
സ്നേഹക്കയ്യുകള്‍..
മെല്ലിച്ച നെഞ്ഞിലേക്ക് ചേര്‍ന്നു  നിന്ന
 നിമിഷങ്ങളുടെ വാത്സല്യചൂട്....
ഒടുവില്‍ നനയാതെ തണുക്കാതെ 
ബാല്യത്തിലെന്ന പോലെ
കുടക്കീഴില്‍ ചേര്‍ത്ത് യാത്രയാക്കിയ 
സങ്കടക്കണ്ണുകള്‍...
അകലുന്ന വാഹനത്തിന്‍റെ 
ജാലകക്കാഴ്ചയായ് മഴ നുലുകള്‍ക്കിടയില്‍
അച്ഛന്‍..അതവസാനക്കാഴ്ച്ച യെന്നറിഞ്ഞില്ലെങ്കിലും
കണ്ണുകള്‍ തുളുംബിയോഴുകി മറ്റൊരു മഴപ്പെയ്തായി ഞാന്‍ ....
പിന്നൊരിക്കലും കാണാന്‍ ഇടയില്ലെന്നറിഞ്ഞെങ്കില്‍
കണ്ണു ചിമ്മാതെ ഞാന്‍ അരികത്തിരുന്നേനെ...
മരിക്കാനും എനിക്കിനി ഭയമില്ല ...
അച്ചനുണ്ടാവും..അവിടെന്നെ കാത്തിരിക്കുവാന്‍....

മഴയോർമകൾ

അന്നെനിക്ക് മഴയോട് സ്നേഹമായിരുന്നു.
പാടത്ത് കൂടി ചാറി വരുന്ന മഴയ്ക്ക് മുന്‍പേ 
ഞാന്‍ മത്സരിചോടിയിട്ടുണ്ട് .
വെളുത്ത മണ്ണിനു മീതെ പുഴ പോലൊഴുകുന്ന
മഴ വെള്ളത്തില്‍ മഴത്തുള്ളികള്‍ 
കുമിളകള്‍ തീര്‍ക്കുന്നത് കാണാന്‍ 
ജാലകങ്ങള്‍ തുറന്നിട്ടു ഞാനിരിക്കും .
പിശറന്‍കാറ്റ് ,മുറിയിലേക്ക് 
വാരിയെറിയുന്ന മഴച്ചരല്‍ കല്ലുകലേറ്റ്
എന്‍റെ ഉടല്‍ തരിക്കും.
കറുത്ത മേഘക്കൂട്ടങ്ങളെ വലിച്ചിഴച്ച് 
കലിപൂണ്ട കാറ്റില്‍ മരങ്ങളുലയും 
മുടിയഴിച്ചാടുന്ന പെണ്ണിനെ പോലെ ..
മുറ്റം നിറയെ ചിതറിവീണ നാട്ടു മാമ്പഴങ്ങളില്‍
ഒരുപാട് മധുരം ബാക്കി വച്ച് മഴ മറഞ്ഞു പോകും 
തണുത്ത കാറ്റിന്റെ കൈ പിടിച്ച് 
അകലേക്ക് ...അകലേക്ക്..
ഇങ്ങിനി വരാതെ മറഞ്ഞ ആ പഴയ മഴയോട് 
എനിക്കിന്നും  സ്നേഹമാണ്...
പ്രണയമല്ല ,വെറുതേ... വെറുതേ... സ്നേഹം.

വാൽകൈറി

എനിക്ക് ഒരു സ്വപ്നം ഉണ്ടായിരുന്നു 
നിറയെ കവിതകളെഴുതി... 
തിരക്കുള്ള നഗരത്തിൽ ഒറ്റക്കൊരു കൂട്ടിൽ 
പാട്ടും പുസ്തകങ്ങളുമായി 
ഒരു പാവം ജീവിതം... 
പക്ഷെ പിന്നിട്ട വഴികളിലെവിടെയോ ഞാനതു മറന്നു... 
ഇന്ന് ഞാനെന്റെ മകളെ പഠിപ്പിക്കുന്നത് 
ചിറകില്ലെങ്കിലും
സ്വപ്‌നങ്ങൾ മറക്കാതെ
അവയിലേക്ക് പറന്നെത്താനാണ്.... 
അവൾ പറന്നെത്തും..
കാരണം അമ്മയവൾക്ക് പറഞ്ഞു കൊടുത്തത് കുതിരപ്പുറത്തു വന്നെത്തി അവളെ രക്ഷിക്കുന്ന രാജകുമാരന്റെ
കഥയല്ല... 
ഉഷ്ണം പുകയുന്ന മരുഭൂമിയിൽ ഉടവാളേന്തി കുതിക്കുന്ന വാൽകൈറിയുടെ കഥയാണ്... 
അവളുടെ സങ്കൽപ്പങ്ങളിൽ അവളിന്നൊരു വാൽകൈറിയാണ്.... 
അങ്ങനെ ആവട്ടെ അല്ലേ?
"അതേയ്.. എനിക്ക് നിന്നോട് പ്രണയമാണ്.. !!!
നിന്റെ ചിരി.. 
എന്റെ നിലാവാണ്‌ പെണ്ണേ... 
തരില്ലേ എനിക്കായ് നിന്റെയീ ജൻമം? "

"അരുത് സുഹൃത്തേ... പ്രണയത്തിന്‌ പെട്രോളിന്റെ മണമായത്,  നിങ്ങളറിഞ്ഞില്ലെന്നുണ്ടോ?!! ഒരു തീക്കൊള്ളിയേറിൽ... 
എരിഞ്ഞില്ലാതെയാവാൻ... 
എനിക്കു ഭയമാണ് കേട്ടോ... !!
എന്റെയീ ജന്മം ഞാനായി ജീവിക്കാൻ.... 
ഒരൽപം വഴി തരൂ... പ്ലീസ്."

പെണ്ണ്

"അല്ല പെണ്ണേ... നീയെന്തേ.. 
എഴുതിയ വരിയൊക്കെ വെട്ടിത്തിരുത്തുന്നു? !!
അസ്ഥിക്ക് പിടിക്കാത്തതൊന്നും, 
എഴുതാത്തവളല്ലേ നീ?? "

"അങ്ങനെ തന്നെ പൊന്നേ.. 
പക്ഷേ.. വരികൾ ക്കിടയിൽ, 
അരുതാത്തതെന്തേലും വായിച്ചിട്ടാണോ... 
കാവൽക്കാരന്റെ ഇടം കവിളിൽ,  ആയമ്മയുടെ 
അഹങ്കാരക്കൈ പതിഞ്ഞത് !!?? "

"അത് കണ്ടിപ്പോൾ, പെണ്ണിനായ് എഴുതിയതൊക്കെ... 
നീയെന്തിനു തിരുത്തുന്നു?? 
പെണ്ണാവാൻ ആദ്യം വേണ്ടതേ... 
ആണിന്റെ കയ്യൂക്കല്ലന്നേ.... 
ഉലയിൽ ഉരുകിതെളിഞ്ഞ പൊന്നിന്റെ 
പതം വന്ന മനസാണേയ്... !!
വെണ്ണീർ പൂണ്ടാലും ജ്വലിക്കാനറിയണം.... ഉരുകിയാലുറക്കാനും... ഉറച്ചാൽ,  ഉരുകാനുമാവണം.... 
കൂടെ ചെമ്പു ചേർന്നാലെന്താ... 
പൊന്നു പൊന്നല്ലേ പെണ്ണേ? 
ഉരുകാത്ത പൊന്നു പൊന്നല്ല പെണ്ണേ... അലിയാത്ത പെണ്ണ് പെണ്ണുമല്ല. 
പെണ്ണെഴുത്തൊന്നും നീ 
തിരുത്തല്ലേ..... 
ആണായാലും പെണ്ണായാലും,  അഹങ്കാരത്തിന്റെ 
വിഷപ്പല്ലു പൊഴിക്കാൻ.. കാലത്തിനറിയാമെന്നേ... 
നീ എഴുത് വെട്ടാതെ തിരുത്താതെ..... "

രാവണായനം



സന്ധ്യക്കുരുവിട്ട ജപനാമമായാണ് രാമനെ ആദ്യമറിഞ്ഞത്... 
ഭക്തിയുടെ ഭസ്മക്കുറിയായും... കർക്കിടകപ്പെയ്ത്തിനൊപ്പം 
ഉമ്മറത്തുയർന്ന ശ്രുതി മാധുരിയായും... 
രാമായണം ഹൃത്തിലലിഞ്ഞു ചേർന്നു.
 പിന്നെ... ചിന്താവിഷ്ടയായ സീതയിൽ ആശാന്റെ 
കാവ്യപ്പെയ്ത്തിൽ, രാമ വിഗ്രഹം ഉടയുന്നതും... 
സീതായനമായ് കാവ്യം തിരുത്തപ്പെട്ടതും അറിഞ്ഞു... 
രാജത്വമെന്ന അച്ചിലൊതുങ്ങിപ്പോയ, 
രാമൻ മറന്ന പതിഭാവവും പിതൃത്വവും കണ്ടു... 
സീതാ പരിത്യാഗം സൗമിത്രിമേൽ ആജ്ഞയായ് 
വീണപ്പോൾ, ഭക്തി പുച്ഛമായ് മാറി... 
ഒടുവിൽ വച്ചു നീട്ടിയ  പത്നീ പദത്തിനായ് വീണ്ടുമൊരു 
അഗ്നിപരീക്ഷയ്ക്കു കൂടി ശിരസു താഴ്ത്താതെ 
അമ്മയുടെ ഗർഭത്തിലേക്കു തിരിച്ചുപോയ
 ജാനകിയോട് ആരാധനയായി.. !!!
ഇന്ന് രാമായണം, രാവണനായ് വായിക്കപ്പെടുകയാണ്....!! 
ബ്രഹ്മതേജസും രാക്ഷസ വീര്യവും ഒന്നു ചേർന്ന ദശമുഖൻ...!! 
സംഗീതത്തിന്റെ മറുകര കണ്ടവൻ... !!!
വൈദ്യനായും... യോദ്ധാവായും.... ഒരുപോലെ പേരെടുത്തവൻ!! 
അപഹരിച്ചെടുത്തിട്ടും, അനുവാദമില്ലാതെ മൈഥിലിയുടെ 
വിരൽത്തുമ്പിൽ പോലും തൊടാതിരുന്നവൻ !!!!
ഒടുവിൽ... നികുംഭിലയുടെ യജ്ഞപുണ്യം നൽകേണ്ട,  
അമരത്വം പോലും,  പത്നിയുടെ രക്ഷയ്ക്കായ്... 
സ്വയം ത്യജിച്ച മഹാധീരൻ... !!!
രാവണന്റെ ഉയിരെയ്‌തെടുത്തിട്ട്, രാമൻ സീതക്കു നൽകിയതെന്ത്?  
അഗ്നിയിൽ കുളിച്ചിട്ടും മായാത്ത,  അശുദ്ധിയുടെ കറ വീണ പരിത്യാഗമല്ലേ?? !! 
ഹേ രാവണാ..!! നിന്റെ കോട്ടയിൽ.. അവൾ.. ജാനകി... സുരക്ഷിതയായിരുന്നു...!! 
ആദരണീയയും.!!!. പിന്നെ നിനക്കവൾ അമൂല്യവുമായിരുന്നു..!!!. 
രാമായണമല്ല കൂട്ടരേ.... "രാവണായനം"
ഇനി ആരാണത് മാറ്റിയെഴുതുക??

അമ്മയും മകളും

“അമ്മക്ക് ദേഷ്യമാണ് എപ്പോഴും.. !!
കോപത്താൽ മിഴി ചുവന്നു.
. വിറ പൂണ്ട സ്വരത്തിൽ മകൾ പറയുകയാണ്... 
“അമ്മക്കല്ല നിനക്കാണ്.. “
അവളുടെ കണ്ണും ചുവന്നിരുന്നു.. 
അവർക്ക് വാശിയേറി.. 
ഒടുവിൽ പറഞ്ഞു മടുത്ത് തളർന്നു 
അവർ പിണങ്ങി മാറിയിരുന്നു. 
അമ്മക്ക് മുന്നിലൂടെ ഋതുപ്പക്ഷികൾ
 പിന്നോട്ട് പാറിയകന്നു
 അവിടെയൊരമ്മ സ്വരമുയർന്നു..... 
“തൃസന്ധ്യക്ക്‌ മുടി വിടർത്തല്ലേ... 
പെണ്ണേ നീ ചൂളമടിക്കല്ലേ.. 
വാതിൽപ്പടിയിൽ ഇരിക്കല്ലേ... 
ഇരുന്നിട്ട് കാലാട്ടല്ലേ... 
മലർന്നു കിടന്നുറങ്ങല്ലേ... “
അരുതും പിന്നരുതും കേട്ട്
 ഇരു ചെവിയും പൊത്തിയിരുന്നു. 
പെൺകിടാവ് ഒരാൾ മൂവന്തിക്ക് മുടി വേറെടുത്തു.. 
ചേക്കേറുന്ന പക്ഷിച്ചിലപ്പിനൊപ്പം 
നീട്ടി നീട്ടി ചൂളം വിളിച്ചു... 
ചാഞ്ഞ മരക്കൊമ്പിലിരുന്നു കൊലുസ് ഇട്ട
 പാദങ്ങൾ താളത്തിലാട്ടി.... 
വാതിൽ പടിയിൽ ഇരുന്ന് മഞ്ഞും മഴയും 
പടിപ്പുര കയറുന്നതു കണ്ടു.... 
ചില്ലോടിനുള്ളിലൂടെ നിലാവ് ഊർന്നിറങ്ങുന്നതു കാണാൻ 
മലർന്ന് തന്നെ കിടന്നു... !!
പിന്നെ എപ്പോഴോ.. 
ഋതുക്കൾ ഒരുപാട് പറന്നപ്പോൾ 
അവളും അമ്മയായി !!
അവളിലെ അമ്മയ്ക്കു ആശങ്കകളാണ്.. 
മകൾ വളരുന്ന സമൂഹത്തെ കുറിച്ച്... 
കാലത്തെ കുറിച്ച്... 
അമ്മയുടെ ചിന്തകൾ ഏവർക്കും തമാശയല്ലേ? 
ഏതു കാലത്തും.. ഏതു മക്കൾക്കും... 
അതുകൊണ്ട്... 
“അമ്മക്ക് ദേഷ്യമാണ്.. എപ്പോഴും !!”
മകളുടെ വാക്കുകൾ കാലങ്ങൾക്ക് പിന്നിൽ നിന്നും
 സ്വന്തം സ്വരത്തിൽ കേട്ടതിന്റെ തിരിച്ചറിവിൽ 
അമ്മ ചിരിച്ചു 
മകളുടെ നനഞ്ഞ കവിളിൽ ഒരു മുത്തമായ്... 
അമ്മ സ്നേഹമലിഞ്ഞു ചേരവേ...
മകൾ വീണ്ടും പൈതലായി.. 
ചിരിച്ചുവോ ഋതുപ്പക്ഷി? 
ആവർത്തനമെന്നോർത്താവാം !!!

കവിയും പ്രണയവും

ഞാനെഴുത്തിനായ്, ഒരു വിഷയം തിരയുകയായിരുന്നു... 
വേഗത്തിൽ പേനത്തുമ്പിൽ എത്തിയത് പതിവുപോലെ പ്രണയമായിരുന്നു... 
വേണ്ട പ്രണയം വേണ്ട.. 
പറഞ്ഞു പഴകിയതു ഞാൻ എഴുതുന്നില്ല. 
അപ്പോൾ പ്രണയം പറഞ്ഞു 
 "പഴകും തോറും വിലയേറുന്ന 
 വീഞ്ഞാണ് ഞാൻ... "
 "വേണ്ട.. വേണ്ട.. അതുകേട്ട് ഞാൻ മടുത്തു. പതിനാറിൽ എഴുതേണ്ടതാണ് 
പ്രണയത്തെ കുറിച്ച്. 
നീ കണ്ടില്ലേഎന്റെ മുടിയിഴകൾ നരച്ചത്?  കണ്ണട ചില്ലുകൾക്ക് 
കട്ടി ഏറിയിട്ടും... 
കാഴ്ചയ്ക്ക് മൂടൽമഞ്ഞ് ആണ്...."
പ്രണയം ചിരിച്ചു.. 
"നീയെന്തു കവിയാണ്? 
ജരയും നരയും ഉടലിന് അല്ലേ? 
ഞാൻ ഉയിരിൽ ആണ് അലിയുന്നത്... അതിനെന്നും ഒരേ പ്രായം...ഒരേ രൂപം..
 ഞാൻ പടരുമ്പോൾ മുറിവുകൾ കരിയുന്നതും 
ശൂന്യതകൾ നിറയ്ക്കപ്പെടുന്നതും 
നീയറിയാഞ്ഞിട്ടാവും "
പക്ഷേ പ്രണയമേ.. 
ഉണങ്ങാത്ത മുറിവുകളേൽപ്പിക്കാനും 
വിരുതില്ലേ നിനക്ക്? 
അവയിലെ  നിണം വാർന്ന് 
ചിലരെങ്കിലും മൃതിയിൽ ഒടുങ്ങാറുമുണ്ട്.... 
 അതുകൊണ്ട്.. 
എനിക്ക് എഴുതാൻ നിന്നെ വേണ്ടേ വേണ്ട..."
എന്നിട്ടും കൂട്ടാക്കാതെ 
അത് വീണ്ടും പറഞ്ഞു
"നീയെന്നെ അറിയാഞ്ഞിട്ടാണ്.
പറയാതെ അറിയാതെ... 
മഴയുടെ ഇല്ലാ ഗന്ധം പോലെ...
നിലാവിന്റെ ഇല്ലാ നിറം പോലെ... 
ഞാൻ ഉയിരെടുക്കാറുണ്ട്.
ചിരി മറന്നവർക്ക് ചെറു ചിരിയായി... 
ഒരുപാട് വേനൽ കൊണ്ടവർക്ക്
ചാറ്റൽമഴ പോലെ...
അതുകൊണ്ട് എന്നെ തടയല്ലേ...
നീ എഴുതിയില്ലെങ്കിലും, ഞാൻ പെയ്തു കൊണ്ടേയിരിക്കും... "
പ്രണയം  പറഞ്ഞു കൊണ്ടേയിരുന്നു...
തോൽക്കാൻ കഴിയാതെ ഞാൻ എഴുത്തു നിർത്തി...
വേണ്ട.. പ്രണയത്തെ കുറിച്ച് എഴുതാൻ
എനിക്കിഷ്ടമല്ല!!

സുവർണ ക്ഷേത്രം.. ഒരോർമക്കുറിപ്പ്



സുവർണ ക്ഷേത്രത്തിന്റെ അകത്തളങ്ങൾ വർണങ്ങളാൽ അലംകൃതമായിരുന്നു. 
സുഷുപ്തിയിൽ നിന്നുണർത്താതെ,  റാണിയെയും രാജ്യത്തെയും വെടിഞ്ഞ.. 
സിദ്ധാർത്ഥൻ എന്ന ബുദ്ധൻ 
സ്വർണ പ്രതിമയായ് ധ്യാനത്തിലിരുന്നു... 
ബോധി വൃക്ഷചുവട്ടിലല്ല, 
രത്നഖചിതമായ ശ്രീ കോവിലിൽ,  
ക്ഷേത്ര ബിംബമായി...
കാഴ്ചകളിൽ സ്വയം നഷ്ടപ്പെട്ട സഞ്ചാരിയായ ഞാനും 
ധ്യാനിക്കാൻ ശ്രമിച്ചു...
നിറക്കാഴ്ചകൾക്ക് മുന്നിൽ മിഴിയടച്ചു
തണുതണുത്ത നിലത്തിത്തിരി നേരം.
ഒരു നിമിഷം!! ചെവിയിൽ ആരോ മന്ത്രിച്ചുവോ..? 
"യശോധരയുടെ അന്തപുര 
സമൃദ്ധിയിൽ നിന്നും, 
പലായനം ചെയ്തിട്ടും...
ഒടുവിലീ  സ്വർണ്ണകൂട്ടിൽ 
അടക്കപ്പെട്ടുവല്ലേ?!"
ഇമ ചിമ്മി തുറന്നപ്പോൾ 
ഒരു കിനാവ്പോലെ അവൾ 
മാഞ്ഞു കഴിഞ്ഞിരുന്നു.....
 ത്യജിക്കപ്പെട്ടവൾ !!
കിടപ്പറയുടെ ഇരുട്ടിലേക്ക്..... 
പാതിരാവിന്റെ വന്യതയിലേക്ക്.....
ഒരു ജന്മത്തിന്റെ, ഏകാന്തതയിലേക്ക്..... കാരണം അറിയാതെ, ത്യജിക്കപ്പെട്ടവൾ....!! 
ത്യജിച്ചയാൾ ബുദ്ധനായി... അവളോ??  പതിവുപോലെ പാതിവഴിയിൽ മാഞ്ഞു.... അപൂർണ്ണമായ കഥയിൽ,  
ഒരു ചോദ്യവും ബാക്കിവയ്ക്കാതെ.... !!
ചിന്തകളുടെ തീച്ചൂടേറ്റ്... 
മാർബിൾ തണുപ്പും പൊള്ളലായി.....
തിരിഞ്ഞുനോക്കാതെ ഇറങ്ങുമ്പോൾ, 
ആദ്യം കണ്ട ഭിക്ഷുവിനോടാരാഞ്ഞു
"എവിടെയാണ് ഭിക്ഷുണികൾ? "
"ഇവിടെയോ? !!!വിഹാരത്തിൽ ഭിക്ഷുണികൾ നിഷിദ്ധരാണ്
നിഷ്ഠകളാൽ ബന്ധിതരാണു ഞങ്ങൾ
ലംഘിക്കപ്പെട്ടാൽ ഈ ജന്മത്തിനു 
വിരാമമാവും..... പിന്നെയാ ജന്മം,  അടിമയുടേതാണ്....
മരണംവരെ, വിഹാരത്തിലെ അടിമ!!"
അടിമത്തത്തെ ഭയന്നാവാം, 
എനിക്കു മിഴി തരാതെ,  
സന്യാസി അകന്നുപോയി... 
എനിക്ക് ഇനിയും ചോദ്യം ബാക്കിയായിരുന്നു.... 
പിന്നിൽ  ഒരു ചിരി ഉയർന്നു 
"ചോദിക്കരുത്.. ഉത്തരം,ലോകത്തിന് അറിയില്ല !! അല്ലെങ്കിലും, 
സ്ത്രീയുടെ ചോദ്യത്തിനുത്തരം തരാൻ... ലോകത്തിനെന്നും വിമുഖതയല്ലേ? "
കാലത്തിന്റെ നന്ദികേടോർത്ത്... 
കുനിഞ്ഞ ശിരസ്സുമായി ഞാൻ.... സുവർണക്ഷേത്രത്തിന്റെ  പടികളിറങ്ങി. എനിക്കു പിന്നിൽ സ്വർണ്ണ താഴികക്കുടം ഉച്ചവെയിലിൽ ജ്വലിച്ചു കൊണ്ടേയിരുന്നു.... എഴുതപ്പെട്ട ഒന്നും തിരുത്താൻ ആവില്ലെന്ന ഓർമ്മപ്പെടുത്തൽ പോലെ....!!

കണ്ണ് കെട്ടിയ നീതിയോട്..



ഹേ നീതി ദേവതേ...
നിന്റെ കണ്ണുകൾ കെട്ടിയത് 
മുഖം നോക്കാതെ ശരി തേടാനെന്നു 
ലോകത്തോടോപ്പം ഞാനും കരുതി.. 
എന്നാൽ ഇന്ന്‌ ഞാനത് തിരുത്തുന്നു... 
രണ്ടു പൂ മൊട്ടുകൾ ചീന്തി എറിയപ്പെട്ടത് 
നീ കണ്ടില്ലെന്നു നടിച്ചില്ലേ? 
നീ അന്ധത്വം സ്വീകരിച്ചത് ശരികളെ കാണാതിരിക്കാനാണ്.. !!
നിനക്ക് നിഷ്കളങ്കതയുടെ വെണ്മയേക്കാൾ പ്രീയം കാപട്യത്തിന്റെ കറുപ്പാണല്ലേ?!!
നിന്റെ തുലാസിൽ ഭാരമേറുന്നത്, നന്മക്കല്ല... 
തിന്മയുടെ നാണയതിളക്കത്തിനാണ്.. !!
നിന്റെ നിർണയങ്ങൾ ശരിയെന്നു കരുതിയാണ്... 
കലിയുഗമിത്ര നാളും  കൽകിയെ ഉണര്ത്താതിരുന്നത്... 

നീ ഇന്ന്‌ കാറ്റിൽ പറത്തിയ നീതി സംഹിതകൾ അഗ്നിയിൽ എരിക്കട്ടെ ഞാൻ? 
ആ ജ്വാലയിൽ ഉയിർക്കപ്പെടുന്നത് 
ഒന്നല്ല ഒരായിരം അവതാരങ്ങളാവും.. !!
അന്ധമായ നീതി പീഠങ്ങളുടെ 
ബലി മൃഗമാകുവാൻ , 
ഒരു  ജീവനെ പോലും വിട്ടു കൊടുക്കാതെ.. 
നിസ്സഹായതയുടെ മേൽ വീഴുന്ന
 നിഴലിന്റെ പോലും ശിരഃച്ഛേദത്തിനായി... 
ഉറയൂരിയ വാളുമായ് ഉയിർക്കുന്ന കൽകികൾ.. 
അത് മാത്രമല്ല... നിന്റ കറുപ്പ് മൂടിയ കണ്ണുകൾ ചൂഴ്ന്നെടുക്കാനും... 
ആ വാൾത്തുമ്പ് ഉയരുമെന്നോർക്കുക !!

ഡിസംബർ നിനക്കായ്‌....





ഡിസംബർ വീണ്ടും നീ പടി കയറി വരുമ്പോൾ 
നിന്റെ കൈകൾ ശൂന്യമാണെന്നു വ്യാകുലതയോടെ ഞാൻ തിരിച്ചറിയുന്നു... 
നിന്നെ പ്രണയപൂർവം പൊതിഞ്ഞിരുന്ന വെണ്മഞ്ഞു പുതപ്പ് നീയെന്നേ വലിച്ചെറിഞ്ഞു... 
നീ അണിഞ്ഞിരുന്ന നിലാവിന്റെ വെള്ളിത്തിളക്കം പോലും വിളറി മാഞ്ഞു പോയിരിക്കുന്നു... നിന്റെ സിരകളിൽ അലിഞ്ഞു ചേർന്നിരുന്ന  
അഷ്ടപദി ശീലുകളും മേളപ്പദങ്ങളും 
എന്നേ നിലച്ചു പോയിരിക്കുന്നു... 
നിന്നിൽ പടർന്നൊഴുകിയിരുന്ന 
പാലപ്പൂ ഗന്ധം പോലും വെറുമോർമ്മയായ് എന്നെ നോവിക്കുന്നു... 
ഡിസംബർ നിന്റെയാകാശത്തിലെ.. 
ഒറ്റ നക്ഷത്രവും കാലം തെറ്റി വന്ന,  കാർമുകിലാൽ മറഞ്ഞു പോയല്ലോ? 
ഡിസംബർ നിന്നെ പ്രണയിക്കുന്ന ഞാനുമെന്റെ പ്രണയവും ഇനിയും ബാക്കിയാവുന്നു... 
വരിക !ഞാൻ കാത്തിരിക്കുകയാണ്... 
മായികതകൾ പോയ്‌ മറഞ്ഞാലും
 നീ എന്റേതല്ലേ... 
നിന്നെ ഞാൻ...
പ്രണയിച്ചു കൊണ്ടേയിരിക്കും..
ഒന്നിനുമല്ലെന്നറിയാം... 
എങ്കിലും.. വെറുതെ... വെറുതെ....

സ്ത്രീ

സ്ത്രീക്ക്, ഒരു പിറവിയിൽ തന്നെ  
രണ്ട് ജന്മങ്ങളാണ്..
ആദ്യ ജന്മത്തിൽ 
അരയിൽ നൂല് കെട്ടി, 
ചെവിയിൽ പേരുവിളിച്ച് 
അച്ഛന്റെ രാജകുമാരിയാവും..
ശലഭച്ചിറകുകളിൽ  
ബാല്യവും കൗമാരവും പാറിപ്പറന്ന് യൗവ്വനത്തിന്റെ  പടികയറുമ്പോൾ, 
രണ്ടാം ജന്മത്തിന് മുഹൂർത്തമാവും.
കഴുത്തിൽ താലി കെട്ടി.. 
നെറ്റിയിൽ സിന്ദൂരമിട്ട്.... 
അവൾ ഒരാളുടെ രാജ്ഞിയാകും... 
അവളുടെ പേരിന്റെ, പാതി തിരുത്തപ്പെടും.... അവളുടെ രാജ്യവും ഗൃഹവും അന്യമാകും...
 പുതിയ നാട്... പുതിയ വീട്.... 
പുതിയ നിയമങ്ങൾ..പുതിയ കടമകൾ...
അന്നവൾ വലംകാൽ വച്ചു കയറേണ്ടത്, 
 പുതിയജന്മത്തിലേക്കാണ്...
പൊഴിഞ്ഞു പോയ 
ശലഭചിറകുകൾക്ക് പകരം
വെൺ ചിറകുകൾനൽകേണ്ടത്, 
വലം കയ്യിൽഅമർന്ന കൈത്തലങ്ങളാണ്...
ആ കൈയ്യാൽ സമ്മാനിക്കപ്പെട്ട
ചിറകാഞ്ഞു വീശി, 
അവനോടൊപ്പം പറന്നുയരുന്നവർ ഉണ്ട്!!അവനേക്കാൾ മുൻപേ പറക്കുന്നവരും ഉണ്ട്!!
അവരുടെ ജന്മമത്രേ സഫലമായത്...!!
എന്നാൽ, ചിറകല്ല..  ചങ്ങലകളാണ്... 
പലർക്കും സ്വന്തമാക്കുന്നത്!!
സ്വപ്നങ്ങളിൽ പോലും 
ആകാശം നിഷേധിക്കപ്പെട്ട്..
നിസ്സഹായരാക്കപ്പെട്ട ഒരുപാടുപേർ....!!
അവർ രാജ്ഞിമാരല്ല!! അടിമകളാണ്... 
ആരുടെയോ ധാർഷ്ട്യത്തിന്റെ... 
കാടൻ നീതികളുടെ... 
അധമബോധത്തിന്റെ അടിമകൾ ... 
ഉടലിൽ വരിഞ്ഞുമുറുകിയ, 
ചങ്ങലകൾകുടഞ്ഞെറിയാൻ അറിയാഞ്ഞിട്ടല്ല 
അവർ നിശ്ശബ്ദരാകുന്നത് ...
പൊക്കിൾക്കൊടി മുറിച്ചെങ്കിലും 
ആത്മാവിലൊട്ടിച്ചേർന്ന 
പൈതങ്ങളെ ഓർത്താണ്...!!
കാലവും,  ലോകവും,  അവർക്കുനേരെ എയ്യുന്ന, അമ്പുകളെ ഭയന്നാണ്....
അവർ അബലകളല്ല....
ചിറകു വീശി പറക്കുന്നതിലും, 
എത്രയോ ധീരതയോടെയാവാം, 
ഓരോ ദിനവും,  നിരായുധരായി അവർ അടർക്കളം താണ്ടുന്നത്? !! 
അവർക്കായി എന്താണ് നാം ചെയ്യുക?? 
എഴുതപ്പെട്ട കുറേ നിയമങ്ങൾ 
അവർക്കു കാവലാവില്ല . 
നിയമത്തിന്റെ 
തലനാരിഴ കീറി നടപ്പാക്കുന്ന
വിധിന്യായങ്ങൾ അവർക്കു തുണയാവില്ല 
അവർക്കു വേണ്ടത്, 
കൈയ്യാൽ കെട്ടുന്ന താലിച്ചരടിനു അടിമക്കയറിന്റെ വിലഇടുന്നവർക്ക്
ലോകം നൽകേണ്ട മുറിപ്പാടാണ്... 
അവളെ നോവിക്കുന്നവരോടുള്ള  സമൂഹത്തിന്റെ തിരസ്കരണമാണ്..  അവളുടെ കണ്ണീരിൽ ഉരുകാൻ കഴിയുന്ന 
നാടിന്റെ മനസ്സാണ്...
എല്ലാം വെറും സ്വപ്നം എന്നറിഞ്ഞിട്ടും...
 വെറുതെ കൊതിക്കുകയാണ്... 
പെണ്ണിന്റെ കണ്ണീരു വീണു നനയാതെ, 
ഒരു രാവെങ്കിലും പുലരട്ടെയെന്ന്...

കടൽ മഴ

കടൽ മഴ പെയ്യുമ്പോൾ... 

കടലിൽ പെയ്ത മഴ പോലെ 
കാലങ്ങൾ തോർന്നു പോകുന്നു... 
എന്റെ സ്വപ്നങ്ങളിൽ 
ഇനിയും പെയ്യാത്തൊരു മോഹം ബാക്കിയാണല്ലോ? 
തിരകൾ പാദങ്ങളെ പുണരുമ്പോൾ 
തമ്മിൽ കൊരുത്ത വിരലുകളോടെ 
നമുക്കും മഴ നനയണ്ടേ? 
കടലാഴങ്ങളിലേക്ക് 
മുത്തമായി പടരുന്ന 
മഴച്ചുണ്ടുകളുടെ നനവേറ്റ് 
നമുക്ക് നടക്കേണ്ടേ? 
പിന്നിലെന്നോ മാഞ്ഞുപോയ... 
ഏതോ ജന്മത്തിൽ ബാക്കി വച്ച, 
നനുത്ത സ്വപ്നം പോലെ.... 
ഞാനാ കടൽ മഴയെ 
പ്രണയിക്കുന്നു....

ലോക്ക് ഡൗൺ

ഞാനും അടച്ചിരിപ്പാണ് 
വാതിലുകളല്ല.. 
പുറത്തേക്കുള്ള വഴികൾ.... 
പക്ഷെ എന്റെ മട്ടുപ്പാവ്‌ 
വിശാലമാണ്.. 
ആകാശത്തേക്ക്  തുറക്കുന്ന മട്ടുപ്പാവ്... 
ഇവിടെ വെയിലും മഴയും കാറ്റും നിലാവും 
തിക്കിത്തിരക്കാണ് .. 
അവർക്കെന്നെ ഭയമേയില്ല.. 
മുഖം മറയ്ക്കാൻ മുഖം മൂടി വേണ്ട.. 
കൈ തുടക്കാൻ 
അണു നാശിനിയും വേണ്ട.. 
അവരെന്നെ പുണർന്നപ്പോൾ 
കാതിൽ പറഞ്ഞതെന്തെന്നോ? 
അവരെന്നും അവിടുണ്ടായിരുന്നത്രെ !!
ഞാനാണ് കാണാതിരുന്നത്.. 
കാരണം എനിക്ക് തിരക്കായിരുന്നു... 
എന്നും... എപ്പോഴും.. 
എന്നാൽ, ഇപ്പോൾ
ഞാനും അടച്ചിരുപ്പാണ്.. 
വാതിലുകളല്ല.... 
തിരക്കിലേക്കുള്ള വഴികൾ !!!

കോവിഡ് പോസിറ്റീവ്



ജാലകത്തിനപ്പുറം തിളയ്ക്കുന്ന വെയിലിൽ മയിലുകൾ പറന്നിറങ്ങുന്നതു കാണാം!! ഗ്രീഷ്മം ഇനിയും 
ജ്വലിക്കുമെന്ന് 
മുന്നറിയിപ്പു തരാനെന്നോണം.... 
മുകളിൽ കറങ്ങുന്ന യന്ത്രപ്പക്ഷിയുടെ മുരൾച്ചയിൽ, രാവും പകലും 
ഞെരുങ്ങികടന്നു പോവുകയാണ്.... 
എന്റെ നിശ്വാസങ്ങൾക്ക് താളം നഷ്ടപ്പെട്ടിരിക്കുന്നു... 
നെഞ്ചിലെ തിക്കുമുട്ടലിൽ 
കുതറിത്തെറിച്ച ജീവശ്വാസം, 
ചുമയായി പുറത്തേക്ക് തെറിക്കുമ്പോൾ, 
ഞാൻ ഭയന്ന് പോകുന്നു.. 
വിഷം വമിക്കുന്ന സർപ്പം പോലെ ഞാൻ മാറിക്കഴിഞ്ഞുവല്ലോ.. 
ഒടുവിലെ ശ്വാസത്തിനു മുൻപെങ്കിലും,  നിനക്കായ്‌ ഒരു നിമിഷം ബാക്കിവയ്ക്കാൻ ഞാൻ കൊതിച്ചിരുന്നു... 
ഇനി വേണ്ട പ്രീയതേ... 
എന്റെ സ്പർശവും ശ്വാസവും നിന്റെ പ്രാണനിൽ അലിഞ്ഞു ചേരുമ്പോൾ 
നീ പൂത്തുലഞ്ഞിരുന്ന കാലം 
ഓർമയായി മാറിയിരിക്കുന്നു...
ഇനിയുമൊന്നു  തുറക്കാനാവാതെ 
മിഴികൾ പൂട്ടുന്ന നേരം, 
ഒടുവിലെ കാഴ്ചയായ് നീ വേണമെന്ന മോഹം പോലും വൃഥാവിലായിരിക്കുന്നു.... 
നീ അകന്നിരിക്കുക... അകന്നേയിരിക്കുക... 
നിന്റെ ഉള്ളിൽ പ്രണയമായ് മാത്രം പെയ്തിറങ്ങിയ ഞാൻ, 
മരണമായ് നിന്നെ പൊതിയാതിരിക്കുവാൻ....
ഞാനിവിടെ തനിച്ചുറങ്ങാം 
എന്നേക്കും.. എന്നേക്കും...

കോവിഡ്, അമ്മക്ക് പറയാനുള്ളത്



അടച്ചിടപ്പെട്ട ലോകത്തിന്റെ വാതിലുകൾ,  എന്നിൽ നിറയ്ക്കുന്നത് ആശങ്കകളാണ്.. 
എന്നു തുറക്കുമെന്നോർത്ത് കാത്തു നിൽക്കാനോ,  എനിക്കുചുറ്റും അതിലേക്ക് മിഴിനട്ടു നിൽക്കുന്നവരോട് ആരായാനോ, 
 ഞാൻ ഭയപ്പെടുന്നു. 
എന്റെ വിരലിൽ തൂങ്ങുന്ന,  
എന്റെ പുടവ തുമ്പിൽ മുഖം ഒളിപ്പിക്കുന്ന,  അക്ഷമയാർന്ന  പൈതങ്ങളുടെ ചോദ്യങ്ങളെ ... എനിക്കതിലും ഭയമാണ്.
അവർക്കു നൽകാൻ,  വിസ്മയങ്ങൾ നിറച്ച പുതുലോകം ചമച്ചു,  
കാവലിരുന്നതാണ് ഞാനും..
ഒരു പ്രളയപ്പെയ്ത്തിൽ ഒലിച്ചു പോയ സ്വപ്നങ്ങൾ പിന്നെയും തേടിപ്പിടിച്ച് 
അടവച്ചു വിരിയിച്ചതാണ്...
വാവൽ തുപ്പിയിട്ട മൃതിയുടെ വിഷവിത്ത്,  മുളപൊട്ടി   വളർന്നത്  കണ്ട്  
ഭയന്നു തുടങ്ങിയതാണ്...
കരുതലിന്റെ  വാൾത്തലപ്പുകൾ 
ആ വേരറുത്തപ്പോൾ ഞാനും ആശ്വസിച്ചു... 
എന്നാലോ, പുതിയ പേരിൽ മൃതിയുടെ 
വിഷനാമ്പുകൾ പടർന്നു വളരുകയാണ്... 
മലയും കടലും താണ്ടി,  
ദേശങ്ങളിൽനിന്ന് ദേശങ്ങളിലേക്ക്.... കൊയ്തെടുക്കാൻ ആവാത്ത ഏരകപ്പുല്ലുപോലെ.... 
കുലം മുടിക്കാൻ ഉയിരിട്ട വിഷാണുക്കൾ..... 
പാതി വഴിയെങ്കിലും പിന്നിട്ടുവെന്നോർത്ത് എനിക്കാശ്വസിക്കാം.. 
എങ്കിലും, ഇളം തൂവൽ ചിറകു നീർത്ത്.. പറക്കാൻ വെമ്പുന്ന പൈതങ്ങളോ?  അവർക്കുമുന്നിൽ,  വാതിലുകൾ ചേർത്തടച്ച്,  കാവലിലാണ് ഞാൻ... അവർക്കു പറക്കാൻ വിഷം പുരളാത്ത 
ഒരു തുണ്ട് ആകാശമെങ്കിലും 
ബാക്കി വയ്ക്കാൻ ആരോടാണ് യാചിക്കുക?  നാം അടച്ചിട്ട വാതിലുകൾക്ക് 
പിന്നിലായിപ്പോയില്ലേ തേവരും, ദേവനും പിന്നെ സ്വർഗ്ഗത്തിന്റെ ദൂതരായ , 
പ്രവാചകർ  പോലും? 
പ്രതീക്ഷയുടെ എണ്ണ വറ്റി, 
കരിന്തിരി ആകുംവരെ, ജനാല പടിയിൽ ജീവന്റെ വിളക്ക് തെളിച്ച് നമുക്ക്,  കുഞ്ഞുങ്ങളുടെ കാവൽമാലാഖമാരാകാം... പുതിയ പ്രഭാതങ്ങൾ,  മുഖംമൂടിയില്ലാതെ  പുലരും എന്ന സ്വപ്നം കണ്ടു കാത്തിരിക്കാം...