Friday, 7 December 2018

ഓർമ്മചിന്തുകൾ

എന്റെബാല്യത്തിന്റെ,
ഓര്മചിന്തുകൾക്ക്,
ഏകാന്തതയുടെ മടുപ്പിക്കുന്ന
നിറമാണ്....
മീനവെയിൽ ജ്വലിക്കുന്ന, കൊയ്തൊഴിഞ്ഞ പാടവരമ്പിലൂടെ, ഒറ്റയ്ക്ക് നടക്കുമ്പോഴുള്ള..
വരണ്ട മണ്ണിന്റെ പൊള്ളൽ .....
ആകാശത്തെ ഇലത്തുമ്പ് തൊടാൻ, കുതിച്ച ഊഞ്ഞാൽ കയറുരഞ്ഞു പൊട്ടിയ, കൈത്തണ്ടയിലേ നീറ്റൽ...
അറിയാതെ ചവിട്ടിയ ഉറുമ്പിൻപുറ്റുടഞ്ഞു....
ഉടലാകെ നോവായ് പടർന്ന കട്ടുറുമ്പിന്റെ അമ്ല ദംശനം..
മഴ മറന്ന മാനത്തു ഒറ്റയ്ക്ക് വന്നുചേർന്ന കാർമുകിലിന്റെ കണ്ണേർഏറ്റു
ഞെട്ടറ്റു വീണ കണ്ണിമാങ്ങയുടെ
കടും ചവർപ്പ്..
കാട്ടു പൊന്തയിലെ പൂച്ചപ്പഴച്ചെടിയിൽ,
അഴിഞ്ഞു വീണ പാമ്പിൻതോലിന്റെ
ഓർമ്മപ്പെടുത്തൽ.....
നരച്ച ഇരുട്ടിലേക്ക് തുറന്നുവച്ച
ഉറക്കമറ്റ കണ്ണുകൾ കണ്ടെത്തിയ
ഓലപ്പഴുതിലെ തേരട്ട നിഴലുകൾ......
ഒളിച്ചു കളി കുട്ടത്തിൽ ഒരാളെയും കണ്ടെത്താതെ ഒറ്റയ്ക്ക് വിതുമ്പിപ്പോയ
നിസ്സഹായത....
ആരാണ് പറഞ്ഞത് ബാല്യത്തിന്
ഏഴുനിറമെന്നു?
കാണാത്ത മഴവില്ലും, അപ്പൂപ്പന്താടിയും മയിൽപ്പീലിയും, പിന്നൊരു കൈക്കുമ്പിൾ നിറയെ
മഞ്ചാടിയും... കാത്തുവച്ചു
ഇനിയും ഒരു ബാല്യമുണ്ടെങ്കിൽ
തിരിച്ചു പോകാമായിരുന്നു....
ഉണ്ടെങ്കിൽ മാത്രം....